മഴയുടെ കഥ

ചൂളയിലെരിയുന്ന ഇഷ്ടിക പോലെ ഭൂമി ചുട്ടു പഴുത്ത ആ ദിവസം..

‘മഴ’, പെയ്യാനൊരുങ്ങുകയായിരുന്നു,
കാക്കത്തൊള്ളായിരം ജനങ്ങളുടെ പ്രാർത്ഥനയ്ക്ക് വിരാമമിട്ടുകൊണ്ട്.

നാളെത്രയായി ഭൂമി വരെ ഒന്നു പോയിട്ട്. മഴയ്ക്കുമുണ്ടല്ലോ മടുപ്പ്.

കൂട്ടിനു വരാമോയെന്ന് ഇടിയോട് ഉറക്കെ വിളിച്ചു ചോദിച്ചു.
മഴയുടെ ചോദ്യവും ഇടിയുടെ സമ്മതം മൂളലും കേട്ടിരുന്ന മിന്നൽ രാത്രിയാവാറായത് കൊണ്ട് വഴി കാണിക്കാൻ താനും വരാമെന്നു പറഞ്ഞു.
ഒടുക്കം മൂവരും തൂങ്ങിയിറങ്ങി ഭൂമിക്ക് തൊട്ടു മുകളിലെത്തി.

വഴി കാണിച്ചു കൊണ്ട് മിന്നൽ ആദ്യം ഭൂമിയിലേക്കിറങ്ങി.

മഴ നാണത്തോടെ പതുക്കെ ചിണുങ്ങിത്തുടങ്ങി.

ഇടി പതുക്കെ തൊണ്ട ഒന്നു ശരിപ്പെടുത്തി.
മഴ ഒരു ദീർഘശ്വാസം എടുത്ത് ശക്തി പ്രാപിക്കാൻ ഒരുങ്ങുകയായിരുന്നു.
അപ്പോഴാണ് അത്രയും നാൾ തന്റെ വരവിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ജനങ്ങളുടെ മുഖത്തെ ഭാവമാറ്റം മഴ ശ്രദ്ധിച്ചത്.


പ്രാർത്ഥന പെട്ടെന്ന് പ്രാക്ക് ആയി മാറുകയായിരുന്നു. സർവ്വ ജനങ്ങളും മഴയേയും ഇടിയേയും മിന്നലിനേയും ഒരുമിച്ച് പ്രാകി .

“നശിച്ച മഴ..”

“ഒടുക്കത്തെ ഒരു ഇടിയും മിന്നലും..”

യുഗങ്ങൾ പിന്നിട്ടിട്ടും മാറ്റമില്ലാത്ത തന്റെ  വിധിയെ ഓർത്തു കൊണ്ട് കണ്ണുനീർ ഉള്ളിലൊതുക്കി മഴ തിരിച്ചു പോയി.
കലി മൂത്ത മിന്നലും ഇടിയും ആകാശത്ത് തീനാളങ്ങൾ തീർത്തു.

ഇടി എഴു ലോകങ്ങളും കേൾക്കെ പൊട്ടിത്തെറിച്ചു.


പരിഭ്രാന്തരായ ജനങ്ങൾ വീണ്ടും പ്രാർത്ഥനയിൽ മുഴുകി.
മനുഷ്യമനസ്സിന്റെ അനിർവചനീയതയെ പുച്ഛിച്ചുകൊണ്ട് ഇടിയും മിന്നലും മഴപോയ വഴിയേ വെച്ചു പിടിച്ചു.

***

ശുഭം.

4 thoughts on “മഴയുടെ കഥ”

  1. മഴ സുന്ദരമായ ഒരു അനുഭവമാണ്…
    ഈ പഴിപറയലുകൾ ഒരു ശീലവും…
    എന്നാലും മഴപ്പെയ്ത്തുകൾ … ഓർമ്മപ്പെയ്ത്തുകളാണ്.
    അർജു… നന്നായി എഴുതി
    തുടരാം

    Liked by 1 person

Leave a comment